കശ്മീര്‍ പരാമര്‍ശം;ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ ടി ജലീല്‍ എംഎല്‍എക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടു

Update: 2022-08-21 09:36 GMT

തിരുവനന്തപുരം:ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ജലീല്‍ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

നിയമസഭാ സമിതിയുടെ കശ്മീര്‍ പഠന പര്യടനവേളയില്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സമൂഹമാധ്യമത്തിലൂടെ നടത്തി, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് നിയമസഭാ സമിതിക്കും നിയമസഭയ്ക്കും പൊതുസമൂഹത്തിന് മുന്നില്‍ കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് മാത്യു കുഴല്‍നാടന്‍ കത്തില്‍ പറയുന്നത്.നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ ടി ജലീല്‍ എംഎല്‍എക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ ജലീലിനെതിരായ പരാതിയില്‍ ഡല്‍ഹി പോലിസ് നടപടി തുടങ്ങി. ഡല്‍ഹി പോലിസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിനാണ് അന്വേഷണ ചുമതല.കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാല്‍ കെ ടി ജലീല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകശ്മീര്‍ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍ എന്നും പറഞ്ഞിരിന്നു.

പോസ്റ്റ് വിവാദമായതോടെ ജലീല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. താന്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്തതിനാലാണ് പിന്‍വലിക്കുന്നത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ കശ്മീര്‍ സംബന്ധിച്ചു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ ജലീല്‍ തയാറായിട്ടില്ല.

Tags: