കാസര്‍കോട് മെഡിക്കല്‍ കോളജ്: പ്രതിഷേധം ശക്തമാക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഒപി പ്രവര്‍ത്തനം പുനരാരംഭിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് പ്രഖ്യാപിച്ചു.

Update: 2021-12-14 05:30 GMT

കാസര്‍കോട്: മെഡിക്കല്‍ കോളജ് പ്രവര്‍ത്തനസജ്ജമാവാത്തതിനെതിരേ കാസര്‍കോട് ജില്ലയില്‍ പ്രതിഷേധം ശക്തമാവുന്നു. ഒപി ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ട് ഹെഡ് നഴ്‌സുമാര്‍ ഉള്‍പ്പെടെ 28 നഴ്‌സുമാരെ സ്ഥലം മാറ്റിയതിനെതിരേയായിരുന്നു പ്രതിഷേധം. സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഉടന്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് പ്രഖ്യാപിച്ചു.

ഡിസംബറില്‍ ഒപി ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴായിരുന്നു കൂട്ടസ്ഥലമാറ്റം. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. ഒപി വാഗ്ദാനത്തിന് പുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നാളുകളായി ആവശ്യപ്പെടുന്ന ന്യൂറോ സര്‍ജന്റെ സേവനവും ഉറപ്പുനല്‍കിയിരുന്നു. ഇങ്ങനെ ഉറപ്പുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും ഇടയിലാണ് നഴ്‌സുമാരുടെ സ്ഥലം മാറ്റമുണ്ടായത്.

ഒപി ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളജ് സംരക്ഷണ യുവജനകവചം തീര്‍ത്തു. ആശുപത്രി തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മെഡിക്കല്‍ കോളജില്‍ ഒപി ആരംഭിക്കാത്തതില്‍ ബിജെപി യും, മുസ്‌ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.

Tags:    

Similar News