കെഎഎസ് ഉയര്‍ന്ന അടിസ്ഥാനശമ്പളം: അധികാരക്രമത്തെ പ്രതികൂലമായി ബാധിക്കും; എതിര്‍പ്പുമായി സിവില്‍ സര്‍വീസ് അസോസിയേഷന്‍
ഈ ശമ്പള വ്യവസ്ഥ ഭരണ സംവിധാനത്തിലെ അധികാരക്രമത്തെ പ്രതികൂലമായി ബാധിക്കും. ഓഫിസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും.
തിരുവനന്തപുരം: കേരള അഡ്മിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഉയര്‍ന്ന അടിസ്ഥാന ശമ്പളം നിശ്ചയിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍പ്പ് അറിയിച്ച് സിവില്‍ സര്‍വീസ് അസോസിയേഷന്‍. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിലവില്‍ നിശ്ചയിച്ച ശമ്പള വ്യവസ്ഥ അധികാര ക്രമത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തില്‍ പറയുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാളും അഖിലേന്ത്യാ സര്‍വീസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേക്കാളും കൂടുതലാണ്. ഈ ശമ്പള വ്യവസ്ഥ ഭരണ സംവിധാനത്തിലെ അധികാരക്രമത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഓഫിസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും. അഖിലേന്ത്യാ സര്‍വീസ് സംഘടനകളുടെ അസോസിയേഷനുകളുമായി ചര്‍ച്ച ചെയ്ത് വേണ്ട പരിഹര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്.
81,800 രൂപയാണ് കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം. അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. മുന്‍ സര്‍വീസില്‍ നിന്നു കെഎഎസില്‍ എത്തുന്നവര്‍ക്കു പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ, 81,800 രൂപയോ (ഏതാണോ കൂടുതല്‍ അത്) നല്‍കും.