കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് പിന്നാലെ ടിവികെയുടെ പ്രഖ്യാപനം; ഒക്ടോബര്‍ 17ന് വിജയ് കരൂരിലെത്തും

Update: 2025-10-14 06:10 GMT

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഇടപെടലിനുശേഷം തമിഴക വെട്രി കഴകം (ടിവികെ) പ്രഖ്യാപനവുമായി രംഗത്ത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ പാര്‍ട്ടി പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും, എല്ലാ മാസവും സഹായധനമായി 5000 രൂപയും, കുട്ടികളുടെ പഠനച്ചെലവും പാര്‍ട്ടി ഏറ്റെടുക്കുമെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് നേരിട്ടു കൂടിക്കാഴ്ച നടത്താനായി പ്രത്യേക വേദി ഒരുക്കാനാണ് ടിവികെയുടെ തീരുമാനം.

അതേസമയം, സിബിഐ അന്വേഷണം നടത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടതോടെ കേസിന്റെ ദിശയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിന്‍വലിച്ച് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം രൂപീകരിക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചതും ടിവികെയായിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ആധവ് അര്‍ജുനാണ് ഹരജി നല്‍കിയിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ നിയമിക്കുമെന്ന് കോടതി അറിയിച്ചു.

Tags: