ചെന്നൈ: കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹൈക്കോടതി. ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം . അതേസമയം, ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാര്‍ എതിര്‍ത്തു. ടിവികെ അധ്യക്ഷന്‍ വിജയ് യെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്ന് പറഞ്ഞു. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതുവരെ തമിഴ്നാട്ടില്‍ പൊതുസമ്മേളനങ്ങള്‍ വിലക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ദേശീയ പാതകള്‍, പൊതുഇടങ്ങളിലെ റോഡ് ഷോകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ വിലക്കിയത്. ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.