ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 104 പേര്‍ ആശുപത്രി വിട്ടു. ഇനി ആറു പേരാണ് ആശുപത്രി വിടാനുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്യുടെ വീഡിയോക്ക് പിന്നാലെ സര്‍ക്കാര്‍ തെളിവുകള്‍ നിരത്തി വാര്‍ത്താ സമ്മേളനം നടത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ പി അമുദയാണ് വാര്‍ത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനമെന്നായിരുന്നു അമുദ ഐഎഎസ് വ്യക്തമാക്കിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സര്‍ക്കാര്‍ തള്ളിയിരുന്നു.
എന്നാല്‍ കരൂര്‍ ദുരന്തത്തില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു വിജയ് വീഡിയോയില്‍ പ്രതികരിച്ചത്. ജനങ്ങളെ കാണാന്‍ എത്തിയത് സ്നേഹം കൊണ്ടാണെന്നും ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ മനസില്‍ അത്രത്തോളം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരും ടിവികെ പ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കരുതെന്നും തന്നെ ലക്ഷ്യം വച്ചോളു എന്നും താന്‍ ഒക്കെ ഏറ്റുകൊള്ളാം എന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്താണ് സംസാരിച്ചത്. എല്ലാ സത്യവും പുറത്തുവരും. അഞ്ചുജില്ലകളില്‍ പ്രശ്നങ്ങളില്ലായിരുന്നു. കരൂരില്‍ മാത്രം എങ്ങനെ ദുരന്തം ഉണ്ടായി എന്നും വിജയ് ചോദിച്ചു. ജനങ്ങളെ കാണാന്‍ എത്തിയത് സ്നേഹം ഒന്നു കൊണ്ടു മാത്രമാണെന്നും എന്നാല്‍ ഇപ്പോള്‍ ഉണ്ടായ ദുഖം പോലൊന്ന് മുമ്പ് ഉണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. തന്റെ മേലുള്ള ശത്രുത തന്നോട് തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലുള്ളവരെ വൈകാതെ സന്ദര്‍ശിക്കുമെന്നും വിജയ് പറഞ്ഞു.
