കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് ഇന്ന് മൂന്ന് മണിക്ക് മമതാ ബാനര്‍ജിയെ കാണും

Update: 2021-06-09 07:49 GMT

കൊല്‍ക്കത്ത: ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഇന്ന് മൂന്ന് മണിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കാണും. പ്രാദേശിക കര്‍ഷകരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങളും കാര്‍ഷിക സമരത്തിന്റെ ഭാവി പരിപാടികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ രാകേഷ് ടിക്കായത്തും ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു.

കര്‍ഷകര്‍ക്കിപ്പോഴും താങ്ങുവില ലഭിക്കുന്നില്ലെന്നും അതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവിലയുമായി ബന്ധപ്പെട്ട് ഒരു ബില്ല് പാസ്സാക്കണമെന്ന് കേന്ദ്രത്തോട് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഷിക നിയമത്തെക്കുറിച്ച് ഒരു കത്ത് പ്രധാനമന്ത്രിക്കെഴുതാന്‍ മമതാ ബാനര്‍ജിയോട് ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിക്കും. അവര്‍ ഇതുപോലൊരു കത്ത് ഇതിനകം അയച്ചിട്ടുണ്ടെങ്കില്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ കത്തുകൂടെ അയക്കാന്‍ അപേക്ഷിക്കും. താങ്ങുവില ഉറപ്പുവരുത്തുന്നതിനുവേണ്ടി ഒരു ബില്ല് പാസ്സാക്കുമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ അഭ്യര്‍ത്ഥിക്കും- രാകേഷ് ടിക്കായത്ത് പറഞ്ഞു.

ഇതര സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ബംഗാളിലും എല്ലാ മാസവും കര്‍ഷകരുടെ യോഗം വിളിക്കണമെന്നാണ് മറ്റൊരു ആവശ്യം. മിക്ക സംസ്ഥാനങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തില്‍ ഇത്തരം യോഗം നടക്കാറുണ്ട്. കര്‍ഷക പ്രതിനിധിക്കുപുറമെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഇത് കര്‍ഷകരുടെ ആവശ്യങ്ങള്‍ പെട്ടെന്ന് നിവര്‍ത്തിക്കാന്‍ സഹായിക്കും- അദ്ദേഹം പറയുന്നു.

അതേസമയം മാസങ്ങളായി തുടരുന്ന കര്‍ഷ സമരം തീക്ഷ്ണമാക്കാനും തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാനുമാണ് കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സമരം തുടങ്ങിയത്.

പുതിയ കാര്‍ഷിക നിയമങ്ങളുടെ കടുത്ത എതിരാളിയാണ് മമതാ ബാനര്‍ജി. തൃണമൂലിന്റെ നിരവധി എംപിമാര്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തിയില്‍ വെച്ച് കണ്ടിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കര്‍ഷക സമരം സജീവമാക്കാനാണ് സംഘടനകളുടെ ആലോചന.

Tags:    

Similar News