കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

Update: 2020-12-24 13:51 GMT

ബംഗളൂരു: ഇന്നുമുതല്‍ ജനുവരി 2 വരെ കര്‍ണാടകയില്‍ പ്രഖ്യാപിച്ചിരുന്ന രാത്രികാല കര്‍ഫ്യൂ സര്‍ക്കാര്‍ പിന്‍വലിച്ചു. രാത്രി കര്‍ഫ്യൂ ആവശ്യമില്ലെന്ന് പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ച ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തീരുമാനം ചര്‍ച്ച ചെയ്ത ശേഷമാണ് രാത്രി കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

യുക്കെ അടക്കമുള്ള ചില രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ക്രിസ്മസ്, പുതുവര്‍ഷ വേളയിലെ ഈ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാര മേഖലയില്‍ നിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധം കനത്തതോടെ തീരുമാനം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന വിദഗ്ധരുമായുള്ള അവലോകന യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ പബ്ബുകളും ബാറുകളും തുറന്നിരിക്കാമെങ്കിലും നൈറ്റ്ക്ലബ്ബുകളിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം ഏര്‍പെടുത്തി. നഗരത്തിലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ കൊവിഡ് -19 സുരക്ഷാ നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ നിയന്ത്രണങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കും.







Similar News