കര്‍ണാടക കൊലപാതകങ്ങള്‍: ബൊമ്മൈ സര്‍ക്കാരിന്റെ നടപടികള്‍ പക്ഷപാതപരമെന്ന് മുസ് ലിം സംഘടനകള്‍
ദക്ഷിണ കന്നഡ: കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ ബൊമ്മൈ സര്‍ക്കാര്‍ കൈകാര്യംചെയ്ത രീതി പക്ഷപാതപരമെന്ന് മുസ് ലിം സംഘടനകള്‍. കൊലചെയ്യപ്പെട്ട മുസ് ലിംകളുടെ കുടുംബങ്ങളോടും ഹിന്ദുക്കളുടെ കുടുംബങ്ങളോടും നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് മുസ് ലിം സംഘടനകള്‍ ആരോപിച്ചു.
കൊല്ലപ്പെട്ട പ്രവീണ്‍ കുമാര്‍ നെട്ടരെയുടെ കുടുംബം മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും 25 ലക്ഷം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ കൊലചെയ്യപ്പെട്ട മസൂദിന്റെ കുടുംബം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. പ്രവീണിന്റെ വീട് നില്‍ക്കുന്നിടത്തുനിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയാണ് മസൂദിന്റെ വീട്. എട്ട് പേര്‍ ചേര്‍ന്നാണ് മസൂദിലെ കൊലചെയ്തത്.
പ്രവീണ്‍കുമാറിന്റെ മരണത്തിനുശേഷം കൊലചെയ്യപ്പെട്ട മുഹമ്മദ് ഫസില്‍ മംഗല്‍പേട്ടിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. നഷ്ടപരിഹാരവും അനുവദിച്ചില്ല.
മസൂദിന്റെയും ഫസലിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നല്‍കാന്‍ മുസ് ലിം സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുക നയമാണ് സ്വീകരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കര്‍ണാടക ഘടകം വ്യക്തമാക്കി. ഭരണകക്ഷിയായ ബിജെപിയുടെ പക്ഷപാതപരമായ പെരുമാറ്റം മൂലം വര്‍ഗീയ മതമൗലികവാദ സംഘടനകള്‍ ശാക്തീകരിക്കപ്പെടുകയാണെന്ന് സംസ്ഥാന മേധാവി ഡോ.മുഹമ്മദ് സാദ് ബെലഗാമി പറഞ്ഞു. സര്‍ക്കാര്‍ എല്ലാ സമുദായങ്ങളെയും തുല്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
