ബെംഗളൂരു: കര്‍ണാടക മന്ത്രി ഉമേഷ് കട്ടി (61) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ വനം, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു.
തന്റെ മന്ത്രിസഭയ്ക്കും സംസ്ഥാനത്തിനും ഉമേഷ് കട്ടിയുടെ മരണം നികത്താനാവാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡോളേഴ്‌സ് കോളനിയിലെ വസതിയില്‍ വച്ച് പെട്ടെന്ന് നെഞ്ച് വേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത രാമയ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
'എനിക്ക് എന്റെ വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു. എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു, അദ്ദേഹത്തിന് ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നിരവധി വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്. നികത്താന്‍ ബുദ്ധിമുട്ടുള്ള ഒരു വലിയ ശൂന്യതയാണ് അദ്ദേഹം അവശേഷിപ്പിച്ചത്'- ബൊമ്മൈ പറഞ്ഞു.
സംസ്ഥാന ബഹുമതികളോടെ ബാഗേവാഡി ബെലഗാവിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ബെലഗാവിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.