ഗോസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരേയുളള കേസുകള്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മന്ത്രി

Update: 2021-01-20 13:39 GMT

ദക്ഷിണ കര്‍ണാടക: ഗോസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ബി ചൗഹന്‍. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് ഗോസംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കേസിലകപ്പെട്ടവര്‍ക്കെതിരേയുള്ള കേസുകള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക രക്ഷാന വേദിക പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കേസുകളാണ് പിന്‍വലിക്കുക.

ജനുവരി 18ാം തിയ്യതിയാണ് കര്‍ണാടക ഗോവധ നിരോധന നിയമം സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വഴി പ്രാബല്യത്തില്‍ വന്നത്.

ഗോവധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്നത്. തുടര്‍ന്നും കുറ്റം ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരേ പിഴ പത്തുലക്ഷം രൂപയായി വര്‍ധിപ്പിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പശുക്കളെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് നിരവധി ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയാണ് കര്‍ണാടകയിലെ ഹിന്ദുത്വ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടത്. കര്‍ണാടക രക്ഷാന വേദിക പ്രവര്‍ത്തകരാണ് മിക്കവാറും ആക്രമണങ്ങള്‍ നടത്തിയത്. 6 ദശലക്ഷം അംഗങ്ങളുള്ള ഈ സംഘടന കന്നഡക്കാരല്ലാത്തവരെ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധരാണ്.

Tags:    

Similar News