കര്‍ണ്ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: എസ്ഡിപിഐക്ക് മൂന്നിരട്ടി വര്‍ധന; 224 സീറ്റുകള്‍, മൂന്ന് പഞ്ചായത്തുകള്‍

Update: 2020-12-31 04:56 GMT

പി സി അബ്ദുല്ല

മംഗളൂരു: കര്‍ണ്ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വന്‍മുന്നേറ്റം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയ പാര്‍ട്ടി ഇത്തവണ മൂന്നു പഞ്ചായത്തുകളില്‍ തനിച്ച് ഭരണവും നേടി. 224 തദ്ദേശ സീറ്റുകളിലാണ് എസ്ഡിപിഐ വിജയിച്ചത്.

ദക്ഷിണ കര്‍ണ്ണാടകയില്‍ മാത്രം എസ്ഡിപിഐ 171 തദ്ദേശ സീറ്റുകള്‍ സ്വന്തമാക്കി. ഉഡുപ്പി 15, ഉത്തര കന്നഡ 7, കുടക് 12,ഹാസ്സന്‍ 4, ബല്ലാരി2, ഗുല്‍ബര്‍ഗ്ഗ 7,കോപ്പല്‍ 1, ബല്‍ഗാവി 1, യാഡ്ഗിര്‍1, ഹുബ്ലി 1  എന്നിങ്ങനെയാണ് മേഖലകള്‍ തിരിച്ചുള്ള എസ്ഡിപിഐ സീറ്റുകളുടെ എണ്ണം.

സജീപ്പ, മുന്നൂരു, മല്ലൂരു ഗ്രാമപഞ്ചായത്തുകളിലാണ് എസ്ഡിപിഐ തനിച്ച് അധികാരത്തിലെത്തിയത്. നേരത്തെ ഒരു ഗ്രാമപഞ്ചായത്തിലാണ് പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നത്. 

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എസ്ഡിപിഐ നിര്‍ണ്ണായകമാണ്. ഇവിടങ്ങളില്‍ ആര് ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കും. അന്‍പത് തദ്ദേശ സീറ്റുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചവരില്‍ 20 ശതമാനത്തിലധികം ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സര്‍ കൊടിലപ്പേട്ട് അറിയിച്ചു. 

കര്‍ണാടക സംസ്ഥാനത്ത് 5,728 ഗ്രാമപ്പഞ്ചായത്തുകളിലും 226 താലൂക്കുകളിലുമായി 91,339 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 8,074 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 43,238 സീറ്റുകളിലേക്ക് ഡിസംബര്‍ 22ന് തിരഞ്ഞെടപ്പ് നടന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 27നായിരുന്നു, 43,238 സീറ്റിലേക്ക്. ആകെ 2,22,814 പേരാണ് മല്‍സരരംഗത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ സെക്യുലര്‍, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് മല്‍സരരംഗത്തുണ്ടായിരുന്നത്.