കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ കര്‍ണാടക; ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴ് വരെ നീട്ടി
ബംഗളൂരു: കൊവിഡ് വ്യാപനവര്‍ധനയെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി. ജൂണ്‍ ഏഴാം തിയ്യതി രാവിലെ ആറു മണിവരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുകയെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
ഏപ്രില്‍ 27നാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് അത് മെയ് 10ലേക്കും മെയ് 24ലേക്കും നീട്ടി.
നിലവിലുളള എല്ലാ നിയന്ത്രണങ്ങളും അതുപോലത്തുടരുമെന്നും ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപിട കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം കര്‍ണാടകയാണ്. സംസ്ഥാനത്ത് 5,14,238 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ബംഗളൂരുവില്‍ മാത്രം 2,89,131 പേരുണ്ട്. 10,656 പേര്‍ മരിക്കുകയും ചെയ്തു.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 32,218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ ദിവസം 353 പേര്‍ മരിക്കുകയും ചെയ്തു.
മെട്രോ, ടാക്‌സി, റെയില്‍വേ, ബസ് സര്‍വീകളും സ്‌കൂള്‍ കോളജ്, സിനിമാഹാളുകളും മാളുകളും നീന്തല്‍ക്കുളങ്ങളും സ്‌റ്റേഡിയങ്ങളും പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ട്.
അവശ്യ സര്‍വീസുകളായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ബാങ്കുകള്‍, അവശ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ഇന്ധനം നല്‍കുന്ന പമ്പുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
