കര്‍ണാടകയിലെ കൊലപാതകങ്ങള്‍: മുസ് ലിം സംഘടനകള്‍ സമാധാന യോഗം ബഹിഷ്‌കരിച്ചു

Update: 2022-07-30 10:32 GMT

മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ നടന്ന മൂന്ന് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം മുസ് ലിസംഘടനകള്‍ ബഹിഷ്‌കരിച്ചു. മംഗളൂരു ജില്ലാ കളക്ടറുടെ ഓഫിസിലെ ഹാളിലാണ് യോഗം നടന്നത്.

മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി, മുസ്‌ലിം യൂനിയന്‍, ഉള്ളാള് ദര്‍ഗ കമ്മിറ്റി, എസ്‌കെഎസ്എസ്എഫ്, ജമാഅത്ത് ഇസ്‌ലാമി, സലഫി മൂവ്‌മെന്റ്, പോപുലര്‍ ഫ്രണ്ട് തുടങ്ങി മുസ്‌ലിം സമുദായത്തിലെ പ്രമുഖ സംഘടനകളാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്.

സമാധാന യോഗം വിളിച്ചുചേര്‍ക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രിയാണ് നിര്‍ദേശിച്ചത്. ശനിയാഴ്ച രാവിലെ 11ന് ഡിസി രാജേന്ദ്ര കെവിയാണ് യോഗം വിളിച്ചത്.

തീരദേശത്ത് നടന്ന മൂന്ന് കൊലപാതകങ്ങളോട് മുഖ്യമന്ത്രി ബൊമ്മ കാണിച്ച വിവേചനവും പക്ഷപാതവുമാണ് മുസ് ലിംസംഘടനകളെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചപ്പോള്‍ രണ്ട് മുസ് ലിം യുവാക്കളുടെ കുടുംബങ്ങളെ ഒഴിവാക്കി. ഇത് വിവേചനമാണെന്ന് മുസ്ലീം നേതാക്കള്‍ ആരോപിച്ചു.

സമാധാനപ്രിയരായ മുസ് ലിംകളെ സമാധാനം പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമാധാനം തകര്‍ക്കുന്ന സംഘപരിവാറിനെ സമാധാനം പഠിപ്പിക്കട്ടെയെന്നും മുസ് ലിം നേതാക്കള്‍ പറഞ്ഞു.

എഡിജിപി അലോക് കുമാര്‍, മംഗളൂരു കമ്മീഷണര്‍ ശശികുമാര്‍, ഡിസി എസ്പി സോനാനവന്‍, മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ചില സംഘടനാ നേതാക്കളും സമാധാന യോഗത്തില്‍ പങ്കെടുത്തു.

Tags: