കര്‍ണാടക ബോര്‍ഡ് പരീക്ഷ നാളെ തുടങ്ങും; ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Update: 2022-03-27 16:42 GMT

ബെംഗളൂരു; ഹിജാബ് നിരോധനത്തിനിടയില്‍, കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. 3,440 കേന്ദ്രങ്ങളില്‍ 40,000 ക്ലാസ് മുറികളിലായി 8.76 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

'ഹൈക്കോടതി ഉത്തരവിന് ശേഷം ഞങ്ങള്‍ ഹിജാബ് ധരിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ല. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് വരാമെന്നും എന്നാല്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്കും ഈ നിബന്ധന ബാധകമായിരിക്കു' മെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷയുണ്ടാവില്ലെന്ന് മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'കര്‍ണാടക വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും അനുസരിച്ച്, മതപരമായ വസ്ത്രം യൂനിഫോമിന്റെ ഭാഗമാകാന്‍ പാടില്ല. ഇതേ വിജ്ഞാപനം ഹൈക്കോടതിയും ശരിവച്ചു. നാളെ ഡ്രസ് കോഡ് ലംഘിക്കാനുള്ള സാധ്യതയില്ലെ'ന്നും നാഗേഷ് പറഞ്ഞു.

ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉഡുപ്പിയിലെ ഒരു കോളേജിലെ നിരവധി മുസ് ലിം പെണ്‍കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 15ന്, ഹരജി സമര്‍പ്പിച്ചു. ഹിജാബ് ധരിക്കുന്നത് ഇസ് ലാമില്‍ അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു കോടതിയുടെ വിധി.

Tags: