കരിപ്പൂര്‍ വിമാനദുരന്തം: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ 'മൊബൈല്‍ കമാന്റ് പോസ്റ്റ്' വാഹനം സജ്ജീകരിച്ചു

Update: 2020-08-12 11:33 GMT

കൊല്‍ക്കൊത്ത: കരിപ്പൂരില്‍ വിമാനദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ കൊല്‍ക്കൊത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൊബൈല്‍ കമാന്റ് പോസ്റ്റ് വാഹനം സജ്ജീകരിച്ചു. ഏപ്രില്‍ 30ന് എത്തിയ വാഹനം ഇന്നാണ് വിമാനത്താവളത്തില്‍ ഔദ്യോഗികമായി വിന്യസിച്ചത്.

ഏകദേശം 46,36,220 രൂപ വില വരുന്ന ഈ വാഹനത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഒരു വിമാനത്തില്‍ ക്രാഷ് ലാന്റിങ് വേണ്ടിവന്നാല്‍ വിമാനത്താവളത്തെയും രക്ഷാപ്രവര്‍ത്തനത്തെയും ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് ഒരുമിച്ചിരുന്ന് പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കാനും അത് നടപ്പില്‍ വരുത്തുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും. എല്ലാ ഓഫിസര്‍മാര്‍ക്കും ഈ വാനഹത്തില്‍ ഇരുന്നു തന്നെ അത് ചെയ്യാന്‍ കഴിയും. വിമാനത്താവള കണ്‍ട്രോള്‍ റൂം, അടുത്തുള്ള ആശുപത്രികള്‍, അധികം പരിക്കേല്‍ക്കാത്തവരെ സ്വീകരിക്കേണ്ട ലോഞ്ചുകള്‍ എന്നിവയുമായി വാഹനത്തിലിരുന്നുതന്നെ ബന്ധപ്പെടാനാവും.

വിമാനത്താവളത്തിലെ അഗ്നിസേന, സുരക്ഷാവിഭാഗത്തിനാണ് ഇതിന്റെ ചുമതല. വ്യോമയാന മന്ത്രാലയത്തിന്റെ നിയമമനുസരിച്ച് അപകടം നടന്ന സ്ഥലത്തിന് 90 മീറ്ററിനുളളില്‍ വാഹനം എത്തിക്കേണ്ടതുണ്ട്.

കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ ദുബയ-കോഴിക്കോട് വിമാനം ലാന്റ് ചെയ്യുന്നതിനിടയില്‍ തകര്‍ന്നുവീണ് പൈലറ്റുമാര്‍ അടക്കം 18 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് എംസിപി വാഹനം നിര്‍ബന്ധമാക്കിയത്. ഇതുവഴി ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്.

Tags:    

Similar News