കരിപ്പൂര്‍ വിമാനദുരന്തം: അന്വേഷിക്കാന്‍ അഞ്ചംഗ സമിതി; റിപോര്‍ട്ട് അഞ്ച് മാസത്തിനുള്ളില്‍

ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാകും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

Update: 2020-08-14 01:46 GMT

ന്യൂഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ വിമാനദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റന്‍ എസ്. എസ്. ചഹറിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അഞ്ചു മാസത്തിനുള്ളില്‍ അന്വേഷിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാണ് നിര്‍ദേശം. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് അന്വേഷണസമിതിയെ രൂപീകരിച്ചത്. വിമാന അപകടത്തിന് നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാകും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

അന്വേഷണസംഘത്തില്‍ വിമാന ഓപ്പറേഷന്‌സ് വിഭാഗം വിദഗ്ധന്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്ദ്ധന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വൈ.എസ്.ദഹിയ, എയര്‍ക്രാഫ്റ്റ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്ബീര്‍ സിങ്ങ് ലര്‍ഗ എന്നിവരും ഉണ്ടാകും. ബോയിംഗ് 737 വിമാനത്തിന്റെ മുന്‍ പരിശോധകനാണ് ക്യാപ്റ്റന്‍ എസ്എസ് ചഹര്‍. അപകടത്തെക്കുറിച്ച് പ്രാഥമിക റിപോര്‍ട്ടൊന്നും ഇതുവരെ നല്കിയിട്ടില്ലെന്നാണ് സൂചന. അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ നേരത്തെ പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നിരുന്നു. അപകടകാരണം കണ്ടെത്തി ഇത് ഭാവിയില്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശവും സമിതിക്ക് നല്‍കിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കേറ്റവരില്‍ ഇനി ചികിത്സയില്‍ ഉള്ളത് 83 പേരാണ്. ഇതില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. 19 പേരുടെ നില ഗുരുതരമായി തുടരുന്നു. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.




Tags:    

Similar News