കാപ്പാട് ബീച്ചിലൂടെ കോഴിക്കോട് ജില്ലാ ടൂറിസത്തിനു വീണ്ടും രാജ്യാന്തര അംഗീകാരം

Update: 2022-10-01 06:41 GMT

കോഴിക്കോട്: കാപ്പാട് ബീച്ചിനും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനും വീണ്ടും രാജ്യാന്തര അംഗീകാരം. ഗ്രീസിലെ ഏഥന്‍സില്‍ നടക്കുന്ന 'ഫ്യൂച്ചര്‍ ഓഫ് ടൂറിസം സമ്മിറ്റില്‍' (Future of Tourism Summit) ഈ വര്‍ഷത്തെ ലോകത്തെ മികച്ച സുസ്ഥിര മാതൃകകള്‍ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ആഗോള ടൂറിസംകേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ കൗണ്‍സില്‍ ആയ 'ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ്' (Green Destinations) ആണിത് പ്രഖ്യാപിച്ചത്.

മൂന്ന് വര്‍ഷമായി സംസ്ഥാനത്തെ ഏക 'ബ്ലൂഫ്‌ലാഗ്' ബീച്ച് കൂടിയായ കാപ്പാടിന് പരിസ്ഥിതി സൗഹൃദപരമായ വികസനത്തിനാണ് അംഗീകാരം. സൗരോര്‍ജ്ജത്തിന്റെ വിനിയോഗം, മാലിന്യസംസ്‌കരണം, തദ്ദേശീയജൈവവൈവിധ്യത്തിന്റെ സംരക്ഷണം എന്നിവയിലൂന്നിയ പ്രവര്‍ത്തനത്തിനാണ് കാപ്പാട് മികച്ച മാതൃകയായത്.

കാപ്പാടിന് പുറമെ രാജ്യത്ത് നിന്ന് പട്ടികയില്‍ ഇടം നേടിയത് പൈതൃകസംരക്ഷണ വിഭാഗത്തില്‍ തമിഴ്‌നാട്ടിലെ പ്രാചീന ക്ഷേത്രസമുച്ചയമായ ശ്രീരംഗമാണ്. അംഗീകാരം ലഭിച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന ITB ട്രാവല്‍ മാര്‍ട്ട് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശത്തിനു അര്‍ഹതയും നേടി. കഴിഞ്ഞ ദിവസം രാജ്യത്തെ മികച്ച ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനുള്ള ദേശീയഅവാര്‍ഡ് നേടിയ ജില്ലക്കിത് ഇരട്ടി മധുരമായി.

Tags:    

Similar News