വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ് ല്യാര്‍
കോഴിക്കോട്: ആഴ്ചയില്‍ മൂന്നു ദിവസം മാത്രം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന രീതി വ്യാപാരികള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കാന്തപുരം അബൂബക്കര്‍ മുസ് ല്യാര്‍.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു എല്ലാ ദിവസവും സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം. നിലവില്‍ പരിമിതമായ ദിവസങ്ങള്‍ മാത്രം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത് കാരണം, ആ ദിനങ്ങളില്‍ അനുഭവപ്പെടുന്ന ജനത്തിരക്ക് കൊവിഡ് പ്രതിരോധങ്ങളെ ദുര്‍ബലമാക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടാക്കുന്നു. എല്ലാ ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കുകയും, സാമൂഹിക അകലം കര്‍ശനമാക്കുകയും ചെയ്താല്‍ വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരമാകുകയും, തിരക്കുകള്‍ ഇല്ലാത്ത വിധം സ്ഥാപനങ്ങളും തെരുവുകളും നിയന്ത്രിക്കാനും കഴിയും. കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. അതേസമയം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.