കണ്ണൂര്‍ വിസി നിയമനം; മന്ത്രി ബിന്ദുവിനെതിരായ പരാതി ഇന്ന് ലോകായുക്തയില്‍

Update: 2022-02-01 02:04 GMT

തിരുവനന്തപുരം; കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സ് ലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി ഇന്ന് ലോകായുക്ത പരിഗണിക്കും. വിസി നിയമനത്തില്‍ സര്‍ക്കാര്‍ സ്വജനപക്ഷപാതമാണ് കാണിച്ചതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ അതിന്റെ പരിധിയില്‍ പെടുമെന്നുമാണ് ചെന്നിത്തല ആരോപിക്കുന്നത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ആര്‍ റഷീദുമാണ് ഹരജി കേള്‍ക്കുന്നത്. ഓണ്‍ലൈനായി നടക്കുന്ന കേസില്‍ സര്‍ക്കാരിനുവേണ്ടി സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ ടി എ ഷാജിയും ചെന്നിത്തലക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും ഹാജരാവും.

വിസി നിയമനത്തിനുവേണ്ടി രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നത്. അത് സ്വജനപക്ഷപാതമാണെന്നാണ് ഹരജിയില്‍ പറയുന്നത്. 

Tags: