ചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി

Update: 2022-08-11 16:49 GMT

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ കോഴിക്കോട് പഴശിരാജ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ദേശീയപാതയില്‍ ചിറവക്കില്‍ നിന്നും ക്ഷേത്രച്ചിറയിലേക്ക് പോകുന്ന റോഡരികിലെ പുതിയടത്ത് വീട്ടില്‍ രാജന്റെ വീട്ടുവളപ്പില്‍ പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചുനീക്കി കുറ്റിക്കാടുകള്‍ വെട്ടിനീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴല്‍ പുറത്തേക്ക് കണ്ടത്. ആര്‍ക്കിയോളജി വിഭാഗത്തിന്റെ പരിശോധനയില്‍ പൊട്ടിയ നിലയിലുള്ള പീരങ്കിയുെട കുഴല്‍ മാത്രമാണ് ലഭിച്ചത്.

പീരങ്കിയുടെ ഭാഗം ആര്‍ക്കിയോളജി വിഭാഗം പരിശോധന നടത്തി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് ആര്‍ക്കിയോളജി വിഭാഗത്തില്‍ നിന്നും മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലെത്തിയ സംഘം തളിപ്പറമ്പ് എത്തുകയായിരുന്നു. മ്യൂസിയം ഗൈഡുമാരായ വി എ വിമല്‍കുമാര്‍, ടി പി നിതിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി മനോഹരന്‍, തളിപ്പറമ്പ് വില്ലേജ് ഓഫിസര്‍ കെ അബ്ദുറഹ്മാന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. തഹസില്‍ദാര്‍ പീരങ്കി കുഴല്‍ ഔദ്യോഗികമായി ആര്‍ക്കിയോളജി വിഭാഗത്തിന് കൈമാറി.

ഏകദേശം 200 വര്‍ഷത്തിലേറെ പഴക്കമുള്ള കാസ്റ്റ് അയേണില്‍ നിര്‍മ്മിച്ചതാണ് ഇതെന്ന് കെ കൃഷ്ണരാജ് പറഞ്ഞു. ഇത് മറ്റെവിടെയങ്കിലും നിന്ന് കൊണ്ടുവന്ന് ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്നാണ് അര്‍ക്കിയോളജി സംഘത്തിന്റെ വിലയിരുത്തല്‍. ഇവിടെ കൂടുതല്‍ പര്യവേക്ഷണങ്ങളുടെ ആവശ്യമില്ലെന്നും ഇവര്‍ പറഞ്ഞു. ടിപ്പുസുല്‍ത്താന്റെ പടയോട്ടം നടന്ന ഈ പ്രദേശത്ത് കുപ്പം പുഴയുടെ മുകള്‍ഭാഗത്തായി നേരത്തെ ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. കോട്ടക്കുന്ന് എന്നാണ് ഈ പ്രദേശം ഇന്നും അറിയപ്പെടുന്നത്.

Similar News