കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റേത് ബിജെപിക്ക് അകമ്പടി പാടുന്ന പ്രഖ്യാപനം; മോദിയും പിണറായിയും തമ്മിലുള്ള അന്തര്‍ധാര സജീവമെന്ന് ചെന്നിത്തല

Update: 2022-04-12 16:02 GMT

തിരുവനന്തപുരം: കേരളത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതാണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ഗുണകരമായത്. ഇക്കാര്യത്തില്‍ ബിജെപിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടപ്പെട്ടിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. 

''സംഘപരിവാറിന് അകമ്പടി പാടുന്ന പ്രഖ്യാപനമാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം നടത്തിയത്. ബിജെപിക്ക് ബദലായി രാജ്യത്ത് വിശ്വാസ്യതയുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ആ കോണ്‍ഗ്രസുമായി സഹകരണവും സഖ്യവും ഇല്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് അയിത്തം കല്‍പ്പിച്ചു കൊണ്ട് രാജ്യത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കുമറിയാം. കേവല രാഷ്ട്രീയയുക്തിയെത്തന്നെ കൊഞ്ഞനം കുത്തുന്ന പ്രഖ്യാപനത്തിനാണ് കണ്ണൂരില്‍ സിപിഎം മുതിര്‍ന്നത്''- എന്നു ചെന്നിത്തല വിമര്‍ശിച്ചു.

കേരളത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതാണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ഗുണകരമായതെന്നും ആ ഉപകാരസ്മരണയാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം എഴുതി.

കോണ്‍ഗ്രസിനോട് ഒരുകാരണവശാലും സഖ്യം പാടില്ലെന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ കടുംപിടുത്തത്തിന് മുന്നില്‍ വഴങ്ങുക അല്ലാതെ സീതാറാം യെച്ചൂരിക്ക് വേറെ മാര്‍ഗമില്ല. കോണ്‍ഗ്രസ് വിരുദ്ധത മാത്രം പേറുന്ന കേരള ഘടകത്തിന്റെ നിയന്ത്രണത്തില്‍ ആയിപോയി സിപിഎം കേന്ദ്ര നേതൃത്വം എന്നത് രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ വിരുദ്ധ ചേരി വളര്‍ത്തിക്കൊണ്ടുവരുന്നതിനു തടസ്സമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''കോണ്‍ഗ്രസിന് പകരം അവസരവാദികളായ കുറെ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ കൂടെ കൂടുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. വിശ്വസിക്കാന്‍ കൊള്ളാത്ത വഞ്ചകരായി സിപിഎം തന്നെ വിലയിരുത്തിയവരുമയി എങ്ങനെയാണ് ദേശീയ ബദല്‍ സ്ഥാപിക്കുന്നത് എന്ന് സിപിഎം വ്യക്തമാക്കണം. ഇടത് ഐക്യം എന്നു പറഞ്ഞ് പലസ്ഥലങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതരിച്ച് അവരെ രാഷ്ട്രീയമായി സഹായിക്കുന്ന തുടര്‍പരിപാടിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് കൂടി അംഗീകാരം നല്‍കി എന്നത് മാത്രമാണ് കണ്ണൂരിന്റെ ബാക്കിപത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തര്‍ധാരയാണ് ഇതിലൂടെ വീണ്ടും തെളിയുന്നത്''-എന്നും ചെന്നിത്തല ആരോപിച്ചു.

Tags: