കണ്ണൂര്‍ കോര്പറേഷന്: അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയര്‍ പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യുട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പാസായി. 27 നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. യു ഡി എഎഫിന്റെ കക്കാട് വാര്‍ഡ് കൗണ്‍സിലറായ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിന് സ്ഥാനം ഒഴിയേണ്ടി വരും.
വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുഡിഎഫ് നല്കിയ വിപ്പ്, സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സലീമിന്റെ വീടിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിപ്പ് ഒട്ടിച്ചുവെച്ചിരുന്നു.