പെരിന്തല്‍മണ്ണ: അധികാരികളുടെ അനാസ്ഥയും കോണ്‍ട്രാക്ടറുടെ ഒത്തുകളിയും കൊണ്ട് പൊറുതിമുട്ടി കാഞ്ഞിരംപാറ കളമ്പാറ- തിരുവാലപ്പറ്റ കോളനി നിവാസികളും പരിസരവാസികളും. വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ റോഡ് പണി മനപ്പൂര്‍വം പല കാരണങ്ങള്‍ പറഞ്ഞു മറ്റിവച്ച് പൊതു ജനങ്ങളെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്.
റോഡ് പണി നടത്തുന്നതിന്റെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് റോഡ് പൊളിക്കുകയും വശങ്ങളില്‍ കുഴി ഉണ്ടാകുകയും ചെയ്തിരുന്നു. മഴ ശക്തമായി വന്നതോടെ റോഡ് പാടെ തകര്‍ന്ന് കുഴികളില്‍ വെള്ളം നിറഞ്ഞു. തിരുവാലപ്പറ്റ കോളനി, ചെങ്ങചീരി കോളനി, പറകോട്ട് കോളനി, കളമ്പാറ സ്‌കൂള്‍, മമ്പഉല്‍ ഉലൂം മദ്രസ്സ, ശിവക്ഷേത്രം, ഇലാഹിയ മസ്ജിദ് മുതലായ സ്ഥാപനങ്ങളും മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തികളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്.
ഇതിനെതിരേ റോഡ് ഉപരോധമടക്കം നടന്നിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കാറില്ല.