കനിവ് 108 ആംബുലന്‍സ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കും: രോഗിയുടെ വിവരങ്ങള്‍ തത്സമയം ആശുപത്രി സ്‌ക്രീനില്‍

Update: 2022-09-24 11:35 GMT

തിരുവനന്തപുരം: സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതാണ്. പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു രോഗി 108 ആംബുലന്‍സില്‍ പ്രവേശിക്കപ്പെട്ടാല്‍ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലന്‍സ് വരുന്നതിന്റെ വിവരം, ആശുപത്രിയില്‍ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററില്‍ തത്സമയം തെളിയും. ഇതിലൂടെ ആശുപത്രിയിലുള്ളവര്‍ക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കണ്‍ട്രോള്‍ റൂമില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കനിവ് 108 ആംബുലന്‍സില്‍ വിളിക്കുന്ന ആളിന്റെ ലൊക്കേഷന്‍ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോള്‍ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങള്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സില്‍ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തില്‍ സ്ഥലത്തെത്താന്‍ സാധിക്കുന്നു.