യുഡിഎഫ് കണക്കുകൂട്ടല്‍ പൊളിഞ്ഞു- കാനം രാജേന്ദ്രന്‍

ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്നു സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇടതു ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ വിജയമാണിത്.

Update: 2019-10-24 12:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേടിയത് അഭിമാനകരമായ നേട്ടമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്നു സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇടതു ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ വിജയമാണിത്. നിയമസഭയില്‍ എല്‍ഡിഎഫ് അംഗബലം. 2016ലുണ്ടായിരുന്ന 91ല്‍ നിന്ന് 93ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷവും ബിജെപിയും ഒത്തുചേര്‍ന്ന് ഉയര്‍ത്തുന്ന കള്ളപ്രചാരണങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുന്നതാണ് ഇവിടെ ദൃശ്യമാകുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് തങ്ങളുടെ സ്ഥിരനിക്ഷേപമായി കരുതി ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിക്കാമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ പൊളിഞ്ഞിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് വര്‍ധിച്ചത് എല്‍ഡിഎഫിന് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. എല്‍ഡിഎഫ് ഉയര്‍ത്തുന്ന മതനിരപേക്ഷതയുടേയും വികസനത്തിന്റേയും രാഷ്ട്രീയത്തിന് പിന്തുണയേറുന്നു എന്നാണ് ഇത് കാണിക്കുന്നത്.

കക്ഷിരാഷ്ട്രീയത്തെ ഒരു സാമുദായിക സംഘടനക്കും ഹൈജാക് ചെയ്യാനാവില്ലെന്നും ഈ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മതനിരപേക്ഷജനപക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഉണ്ടായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാന എല്‍ഡിഎഫ് സര്‍ക്കാര്‍ കാവല്‍ സര്‍ക്കാരാണെന്നു പറഞ്ഞവര്‍ ഇനിയെങ്കിലും അത് നിര്‍ത്തണം.

കോന്നി വര്‍ഷങ്ങളായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലം ഉണ്ടായശേഷം ഇതാദ്യമായാണ് എല്‍ഡിഎഫ് ജയിക്കുന്നത്.അരൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ പരാജയം സംഭവിച്ചത് വിശദമായി പരിശോധിക്കും. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ യോജിച്ച ഐക്യനിര വളര്‍ത്തുകയാണ് ഇന്നിന്റെ ആവശ്യം.

ശബരിമല വിഷയം ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് എംഎല്‍എമാര്‍ ഇല്ലാതായി. എന്‍ഡിഎക്കും നേട്ടമുണ്ടാക്കാനായില്ല. യുഡിഎഫിന്റെ ഉരുക്കു കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന എറണാകുളത്ത് യുഡിഎഫിനു വന്‍തോതില്‍ വോട്ടു കുറഞ്ഞു. ജനപക്ഷ നിലപാടുകളുമായി മുന്നോട്ടു പോകാന്‍ ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തു പകരുന്നതായി കാനം പറഞ്ഞു.




Tags: