മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജിവച്ചു
സിന്ധ്യക്ക് പിന്നാലെ 16 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്.
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജിവച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കമല്‍ നാഥ് രാജിവെച്ചത്. രാജിവയ്ക്കും മുമ്പ് അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. അതിനുശേഷം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. 15 മാസത്തെ ഭരണത്തിനു ശേഷമാണ് കോണ്‍ഗ്രസിനു അധികാരം നഷ്ടമാകുന്നത്.
ബിജെപി ഗൂഢാലോചന നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു കമല്‍നാഥ് പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ അവര്‍ ബന്ദികളാക്കി. മധ്യപ്രദേശിന് പുതിയ ദിശാബോധം നല്‍കാനാണ് താന്‍ ശ്രമിച്ചത്. ജനങ്ങള്‍ക്കിപ്പോഴും തന്നില്‍ വിശ്വാസമുണ്ടെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കമല്‍നാഥ് പറഞ്ഞു.
മധ്യപ്രദേശ് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിന്ധ്യക്ക് പിന്നാലെ 16 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. 206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണയാണ് വേണ്ടത്.