മുംബൈ ട്രയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കമാല്‍ അന്‍സാരി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-04-19 09:26 GMT

മുംബൈ: മുംബൈ ട്രയിന്‍ സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര മോക്ക കോടതി പ്രതിചേര്‍ത്ത കമാല്‍ അന്‍സാരി കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂരിലെ കൊവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.

7/11 മുംബൈ സബര്‍ബന്‍ ട്രയിന്‍ സ്‌ഫോടനപരമ്പര കേസില്‍ ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട കമാല്‍ അന്‍സാരി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2006 ലെ മുംബൈ ട്രയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കമല്‍ അന്‍സാരി, ഫൈസല്‍ ഷെയ്ഖ്, എസ്‌റ്റെഷാം സിദ്ദിഖി, നവീദ് ഖാന്‍, ആസിഫ് ബഷീര്‍ ഖാന്‍ തുടങ്ങി ഇരുപതോളം പേര്‍ക്കാണ് മോക്ക പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

2006 ജൂലൈ 11നാണ് മുംബൈ സബര്‍ബന്‍ റെയില്‍വേ നെറ്റ്‌വര്‍ക്കില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 180 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരിക്കേറ്റു.

ജംഇയ്യത്ത് ഉലമായെ ഹിന്ദ് ലീഗല്‍ സെല്ലിന്റെ സഹായത്തോടെ മോക്ക കോടതി ശിക്ഷാവിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ശിക്ഷക്ക് തെളിവായി സ്വീകരിച്ച മുംബൈ എടിഎസിന്റെയും എന്‍ഐഎ യുടെയും തെളിവുകളുടെ സത്യസന്ധത ചോദ്യം ചെയ്തു ശക്തമായ വാദമുഖങ്ങളുന്നയിച്ച നിയമ പോരാട്ടത്തിലൂടെ മോചന പ്രതീക്ഷയിലായിരുന്നു കമാലിന്റെ ബന്ധുക്കള്‍.

Tags: