കാലടി സര്‍വകലാശാലയിലെ ജോലി വിവാദം: വിശദീകരണവുമായി നിനിത കണിച്ചേരി

അസിസ്റ്റന്റ് പ്രൊഫസറായി അപേക്ഷിക്കാനുള്ള യോഗ്യത നെറ്റാണ്. നെറ്റില്ലാത്തവര്‍ക്ക് പി.എച്ച്ഡി. മതി. പക്ഷെ എനിക്ക് നെറ്റുണ്ട്. പിഎച്ചഡിയുമുണ്ട്. നെറ്റിനുണ്ട് പത്ത് മാര്‍ക്ക്. പിഎച്ച്ഡിക്ക് 30 മാര്‍ക്ക് ഉണ്ട്.

Update: 2021-02-06 09:26 GMT

കോഴിക്കോട്: കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതു സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വിശദീകരണം നടത്തിയത്.


രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ നെറ്റ് കിട്ടി 10 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരില്ലായിരുന്നു എന്ന് നിനിത പറഞ്ഞു. നിലവിലെ നിയമനവുമായി ഒരു ബന്ധവുമില്ലാത്ത പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിലാണ് കാലടിയിലെ നിയമനത്തെ ചോദ്യം ചെയ്യാനായി ഉപയോഗിക്കുന്നത്. എം.ബി രാജേഷിന്റെ രാഷ്ട്രീയത്തെ അപകീര്‍ത്തിപ്പെടുത്താനായി ഒന്നിനും കൊള്ളാത്തയാള്‍ എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നതിനോടാണ് വിഷമമുള്ളതെന്നും നിനിത പറഞ്ഞു. രാജേഷിന്റെ പേര് കൊണ്ട് ഒന്നും നേടിയെടുത്തിട്ടില്ല. രാജേഷിനോടുള്ള വിരോധം തീര്‍ക്കാന്‍ തന്നെ ഇരയാക്കുകയാണ്. വെറും ഒരു സ്‌കൂള്‍ അധ്യാപികയായ എനിക്ക് കിട്ടി എന്ന തരത്തില്‍ സ്‌കൂള്‍ അധ്യാപനത്തെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. സ്‌കൂള്‍ അധ്യാപകരില്‍ പലരും നെറ്റും പി.എച്ച്ഡിയും ജെആര്‍എഫും ഉള്ളവരാണ്. പി.എസ്.സി പരീക്ഷയെഴുതി തന്നെയാണ് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് പ്രവേശിച്ചതെന്നും അവര്‍ പറഞ്ഞു.


'അസിസ്റ്റന്റ് പ്രൊഫസറായി അപേക്ഷിക്കാനുള്ള യോഗ്യത നെറ്റാണ്. നെറ്റില്ലാത്തവര്‍ക്ക് പി.എച്ച്ഡി. മതി. പക്ഷെ എനിക്ക് നെറ്റുണ്ട്. പിഎച്ചഡിയുമുണ്ട്. നെറ്റിനുണ്ട് പത്ത് മാര്‍ക്ക്. പിഎച്ച്ഡിക്ക് 30 മാര്‍ക്ക് ഉണ്ട്. ആറ് സെമിനാറുകള്‍ ഞാന്‍ അവതരിപ്പിച്ചിട്ടുമുണ്ട്. വെയിറ്റേജ് മാര്‍ക്ക് കിട്ടാന്‍ അഞ്ചു സെമിനാര്‍ അവതരിപ്പിച്ചാല്‍ മതി. ഈ മാര്‍ക്കെല്ലാം പരിഗണിച്ചാണ് 60 മാര്‍ക്ക് കട്ടോഫിനുള്ളിലേക്ക് എത്തിയത്.'


ഒരു വ്യക്തിയുടെ സാമൂഹിക അവസ്ഥയാണ് സംവരണത്തിനു പരിഗണിക്കുന്ന മാനദണ്ഡമെന്നും മതരഹിത ജീവിതം നയിക്കുന്നയാള്‍ക്ക് മതസംവരണം നല്‍കരുത് എന്നത് ജാതിസംവരണം വേണമെങ്കില്‍ കുലത്തൊഴില്‍ ചെയ്തിരിക്കണമെന്നും ജാതി അയിത്തം നേരിട്ടിട്ടുണ്ടാവണമെന്നും പറയും പേലെയാണ് എന്നും നിനിത പറഞ്ഞു.




Tags: