തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കെഎഎല്‍ എംഡി എ ഷാജഹാനെ സര്‍ക്കാര്‍ മാറ്റി. കെഎഎല്ലിലെ ക്രമക്കേട് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ വ്യവസായ മന്ത്രി പി രാജീവ് കെഎഎല്ലില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. റിയാബിനോട് റിപോര്‍ട്ട് തേടിയ മന്ത്രി ഒരു മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. ക്രമക്കേടും കെടുകാര്യസ്ഥതയും നടന്നുവെന്ന റിപ്പോര്‍ട്ട് റിയാബ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു വര്‍ഷം 6000 ഇലട്രിക് ഓട്ടോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 100 എണ്ണം പോലും ഇറക്കിയിരുന്നില്ല. പുതിയ എംഡിയായി പി വി ശശീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചു.
ഇ ടെന്‍ഡര്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ടെണ്ടര്‍ ഉറപ്പിച്ചാലും വിപണി വില അന്വേഷിച്ച് മാത്രമേ പര്‍ചേസ് ഓര്‍ഡര്‍ കൊടുക്കാവു എന്നാണ് ചട്ടം. എന്നാല്‍, ഇലട്രിക് ഓട്ടോയ്ക്ക് വേണ്ട 10 മോട്ടോര്‍ എജിപി എന്‍ജിനീയറിങ് പ്രൊഡക്ട് എന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങാന്‍ കെഎഎല്ലിന് ചെലവായത് വെറും 13500 രൂപ. ഇ ടെണ്ടര്‍ വിളിച്ചപ്പോള്‍ ഈ കമ്പനി പങ്കെടുത്തില്ല.
ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ വിലയായ 35200 രൂപ ക്വാട്ട് ചെയ്ത വെംകോണ്‍ ടെക്‌നോളജീസ് ടെന്‍ഡര്‍ കിട്ടി. നേരത്തെ വാങ്ങിക്കൊണ്ടിരുന്ന വിലയെക്കാള്‍ കൂടിയിട്ടും വിപണി വില അന്വേഷിക്കാതെ പര്‍ചേസ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു കെഎഎല്‍. കെഎഎല്‍ ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് വെറും 3000 രൂപ ചെലവില്‍ ഓട്ടോയുടെ മുകളില്‍ റക്‌സിന്‍ ടോപ്പ് അടിക്കാനുള്ള മെറ്റല്‍ ഫ്രെയിം ഉണ്ടാക്കാം. നേരത്തെ ഉണ്ടാക്കിയതുമാണ്. അതേസമയം, ഇത് കളപ്പുരപ്പുറമ്പില്‍ എന്ന ഏജന്‍സിക്ക് 12000 രൂപയ്ക്ക് ടെണ്ടര്‍ നല്‍കി. ഇതിലും 9000 രൂപ അധികം. എന്നാല്‍, എല്ലാം ഇടെന്‍ഡര്‍ വഴിയാണെന്ന വിശദീകരണമായിരുന്നു കെഎഎല്‍ എംഡി നല്‍കിയിരുന്നത്.
