കക്കി- ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്; ഷട്ടര്‍ തുറന്നേക്കും

Update: 2022-08-07 08:08 GMT

പത്തനംതിട്ട: കക്കി- ആനത്തോട് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ച് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂള്‍ ലെവല്‍ നിരീക്ഷണ സമിതി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുകയും ആവശ്യമെങ്കില്‍ തിങ്കളാഴ്ച രാവിലെ നിയന്ത്രിതമായ രീതിയില്‍ കുറഞ്ഞ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പമ്പ ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍ കടപ്ര, നിരണം മേഖലയില്‍ പമ്പ നദീതിരത്ത് ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന മുറയ്ക്ക് ഉടന്‍ അറിയിപ്പുകള്‍ നല്‍കും. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: