വര്‍ഗീയത വളര്‍ത്തുന്ന കേന്ദ്ര നീക്കം അപലപനീയം: കൈഫ്

വിവിധ ജന വിഭാഗങ്ങള്‍ക്കിടയിലെ ഐക്യവും സ്‌നേഹവും തകര്‍ത്ത് തെറ്റിദ്ധാരണകളും വര്‍ഗ്ഗീയതയും പടച്ച് വിട്ട് കലാപങ്ങള്‍ സൃഷ്ടിക്കലും അത് വഴി മഹത്തായ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെ അസ്ഥിരപ്പെടുത്തലുമാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്.

Update: 2020-02-14 16:27 GMT

തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ജാള്യത മറക്കാനും രാജ്യത്തെ കൂടുതല്‍ വര്‍ഗീയമായി വിഭജിച്ചും വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള സംഘപരിവാറിന്റെ നെറികെട്ട ഫാഷിസ്റ്റ് കുതന്ത്രങ്ങളുടെ ഭാഗമാണ് ദാറുല്‍ ഉലൂം ദയൂബന്ദിന് എതിരെയുള്ള കേന്ദ്രത്തിന്റെ അപവാദ പ്രചാരണമെന്ന് ഖലീല്‍ അഹ്മദ് ഇസ്ലാമിക് ഫൗണ്ടേഷന്‍ (കൈഫ്) സംസ്ഥാന സമിതി വിലയിരുത്തി.

വിവിധ ജന വിഭാഗങ്ങള്‍ക്കിടയിലെ ഐക്യവും സ്‌നേഹവും തകര്‍ത്ത് തെറ്റിദ്ധാരണകളും വര്‍ഗ്ഗീയതയും പടച്ച് വിട്ട് കലാപങ്ങള്‍ സൃഷ്ടിക്കലും അത് വഴി മഹത്തായ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെ അസ്ഥിരപ്പെടുത്തലുമാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്. സംഘപരിവാറിന്റെ പൂര്‍വ്വികര്‍ മാപ്പെഴുതിയും പാദസേവ ചെയ്തും രാജ്യത്തെ വൈദേശിക ശക്തികള്‍ക്ക് ഒറ്റു കൊടുത്തപ്പോഴും ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും വേണ്ടി ശക്തമായി നിലകൊള്ളുകയും രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതികളില്‍ നിസ്തുലമായ പങ്ക് വഹിക്കുകയും ചെയ്ത അതി മഹത്തായ ഇസ്‌ലാമിക കലാലയമാണ് ദാറുല്‍ ഉലൂം ദയൂബന്ദ്.

എന്നും അനീതിക്കും അക്രമത്തിനും എതിരേ ശക്തമായ നിലാടുകള്‍ സ്വീകരിച്ച ദയൂബന്ദ് ദാറുല്‍ ഉലൂം, കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നയങ്ങള്‍ക്കെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നതാണ് ഇത്തരം ഹീനമായ അപവാദങ്ങള്‍ പടച്ചുവിടാന്‍ കേന്ദ്രത്തെയും സംഘപരിവാറിനെയും പ്രേരിപ്പിക്കുന്നത്.അത്യന്ത്യം മ്ലേച്ഛവും അപലപനീയവുമായ സംഘപരിവാര കുതന്ത്രങ്ങള്‍ രാജ്യത്തെ പ്രബുദ്ധ ജനത തിരിച്ചറിയുകയും രാജ്യത്തിന്റെ ചരിത്രവും, വൈവിധ്യവും, ഐക്യവും, സംസ്‌കാരവും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യണമെന്ന് സമിതി ആഹ്വാനം ചെയ്തു.

Tags:    

Similar News