ഉജ്ജ്വല ബാല്യം പുരസ്‌കാരം കടകശ്ശേരി ഐഡിയല്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഫാദിലിന്
എടപ്പാള്‍: അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നല്‍കി വരുന്ന ഉജ്വല ബാല്യം 2020 പുരസ്‌കാരം കടകശ്ശേരി ഐഡിയല്‍ ഇഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക്. വെളിയങ്കോട് പഴഞ്ഞി വട്ടപ്പറമ്പില്‍ അബ്ദുല്‍ ബഷീറിന്റെയും റുക്‌സാനയുടെയും മകന്‍ മുഹമ്മദ് ഫാദിലാണ് പുരസ്‌കാരം ലഭിച്ചത്. ഫാദിലിന് ഇപ്പോള്‍ പതിമൂന്ന് വയസ്സാണ് ഉള്ളത്.
12 വയസ് മുതല്‍ 18 വയസു വരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് ഫാദിലിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ഐഡിയല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരനായ ഈ കുട്ടിഗവേഷകന്‍ ഇതിനോടകം മാഗ്‌നറ്റിക് ലാംമ്പ്, ഇന്‍ക്യുബേറ്റര്‍, ഒപ്റ്റിക്കല്‍ അവോയ്ഡ് റോബോട്ട് തുടങ്ങി അമ്പരപ്പിക്കുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനൂതന വൈദ്യുത ഉപകരണങ്ങള്‍ കണ്ടുപിടിക്കാനും നിര്‍മിക്കാനും താല്പര്യമുള്ള മുഹമ്മദ് ഫാദിലിന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ ഗവേഷകന്‍ ആകണമെന്നാണ് ആഗ്രഹം. കേരളത്തിലെ മികച്ച പത്ത് കൗമാര ചെസ് കളിക്കാരിലൊരാളാണ് ഈ മിടുക്കന്‍.
അടുക്കളയില്‍ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഭക്ഷണമെത്തിക്കുന്ന റോബോട്ട് നിര്‍മിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റോബോട്ടിന്റെ കയ്യില്‍ നല്‍കുന്ന ഭക്ഷണം ഡൈനിംഗ് ഹാളില്‍ ഇരിക്കുന്നവര്‍ക്കും ഭക്ഷണം കഴിച്ചശേഷം പാത്രങ്ങള്‍ തിരിച്ച് അടുക്കളയിലേക്കും റോബോട്ട് തന്നെ എത്തിക്കും.
ഐഡിയല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫാസ് ബഷീര്‍, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഫാത്വിമ സിയ ബഷീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.