സ്വര്‍ണക്കൊള്ളയില്‍ തനിക്ക് അറിവും പങ്കുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

Update: 2026-01-01 08:30 GMT

കൊച്ചി: സ്വര്‍ണക്കൊള്ളയില്‍ തനിക്ക് അറിവും പങ്കുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നു. അന്വേഷണ സംഘം ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. എസ്‌ഐടിയുടെ മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കടകംപള്ളി വികാരാധീനനായെന്നാണ് റിപോര്‍ട്ടുകള്‍.

പത്മകുമാറിന്റെയും വാസുവിന്റെയും മൊഴികളും എസ്‌ഐടി പരിശോധിക്കും. മന്ത്രിയായിരിക്കെയുള്ള വിദേശ യാത്രാവിവരങ്ങളും ശേഖരിച്ചിട്ടാവും വീണ്ടും ചോദ്യം ചെയ്യല്‍.അതേസമയം, ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യും. നേരത്തേ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതുയായി കണ്ടെത്തിയ ചില കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാനുമാണ് വീണ്ടും ചോദ്യം ചെയ്യുക എന്നാണറിയുന്നത്.

അതേസമയം, ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വര്‍ണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സ്വര്‍ണം പതിച്ച രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വര്‍ണവും ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തല്‍.

Tags: