ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമില്ലെന്നു പറയാനാവില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപോര്‍ട്ട് നല്‍കുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരേയും കടകംപള്ളി സുരേന്ദ്രന്‍ ആഞ്ഞടിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി മുരളീധരന്‍ കഴക്കൂട്ടത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു അമ്പലത്തിനു മുന്നില്‍ അരക്ക് വിളക്ക് വെക്കാന്‍ പോലും വി മുരളീധരനായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.