കാബൂള്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം രണ്ടായി

Update: 2021-10-03 13:44 GMT

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മോസ്‌കിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്- താലിബാന്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കാബൂളിലെ ഈദ് ഗാഹ് മോസ്‌കിനു മുന്നിലാണ് സ്‌ഫോടനം നടന്നതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ട്വീറ്റില്‍ മരിച്ചവരുടെ എണ്ണം എടുത്തുപറയാതെ ഏതാനും പേര്‍ എന്നുമാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച വിവരമനുസരിച്ച് രണ്ട് പേര്‍ മരിച്ചതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയ്യദ് ഖൊസ്തി പറഞ്ഞു.

താലിബാന്‍ വക്താവ് സബീഹുളള മുജാഹിദിന്റെ മാതാവ് കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് മോസ്‌കിനു മുന്നില്‍ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തോടൊപ്പം വെടിശബ്ദവും കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഫ്പി റിപോര്‍ട്ട് ചെയ്തു.

നാല് പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളതെന്ന് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: