'ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും' -വീണ്ടും മാധ്യമങ്ങള്‍ക്കെതിരേ തീട്ടൂരവുമായി കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും കുടുങ്ങിയവര്‍ പ്രതികാര നടപടിക്ക് ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍

Update: 2021-05-30 13:06 GMT

തിരുവനന്തപുരം: ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നേരത്തെ കൊടകര ഹവാല പണമിടപാടില്‍ ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ ബിജെപിക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന തീട്ടൂരവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹവാല പണമിടപാടില്‍ കൂടുതല്‍ ബിജെപി നേതാക്കളുടെ ബന്ധം പുറത്ത് വന്നതോടെ സുരേന്ദ്രന്‍ മൗനം പാലിക്കുകയായിരുന്നു.

അതേസമയം, പണമിടപാടിന്റെ കാര്യത്തില്‍ തൃശ്ശൂര്‍ ബിജെപിയില്‍ ചേരി തിരിഞ്ഞ സംഘര്‍ഷം തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന ഓഫിസ് സെക്രട്ടറി, സംഘടനാ സെക്രട്ടറി എന്നിവരെ അന്വേഷണം സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

ആദ്യം 25 ലക്ഷം എന്നു പറഞ്ഞിരുന്നത് ഇപ്പോള്‍ 3.5 കോടിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് വീണ്ടും നിയമനടപടി തീട്ടുരവുമായി സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നിരിക്കുന്നത്

'കൊടകര കേസില്‍ ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ലാത്തതിനാലാണ് ബിജെപി നേതാക്കള്‍ ഹാജരാവുന്നത്. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും കുടുങ്ങിയവര്‍ പ്രതികാര നടപടിക്ക് ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും' സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: