ജയില്‍ വകുപ്പിനെതിരായ കെ സുരേന്ദ്രന്റെ ആരോപണം: മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെന്ന് ഋഷിരാജ് സിങ്

ജയില്‍ വകുപ്പിനെ അവഹേളിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെ ജയില്‍ മേധാവി ഋഷിരാജ് സിംഗ് തന്നെ രംഗത്തെത്തുകയായിരുന്നു

Update: 2020-11-18 16:02 GMT

തിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരേ ആരോപണമുന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമ നടപടിക്കൊരുങ്ങി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരുടെ വക്താക്കള്‍ സന്ദര്‍ശിച്ചു എന്ന സുരേന്ദ്രന്റെ ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്ന് ഋഷിരാജ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്വപ്നയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം പതിനഞ്ചോളം പേര്‍ സന്ദര്‍ശിക്കാനെത്തിയെന്നും വനിതാ ജയില്‍ സൂപ്രണ്ട് ചട്ടവിരുദ്ധമായി സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതാതെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ജയില്‍ വകുപ്പിനെ അവഹേളിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെ ജയില്‍ മേധാവി ഋഷിരാജ് സിംഗ് തന്നെ രംഗത്തെത്തുകയായിരുന്നു. സ്വപ്നയെ ഭര്‍ത്താവ്, രണ്ടു മക്കള്‍, അമ്മ, സഹോദരന്‍ എന്നി അഞ്ചുപേര്‍ മാത്രമാണ് ഇതുവരെ സന്ദര്‍ശിച്ചിട്ടുള്ളത്. കൂടിക്കാഴ്ചകള്‍ എല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലുമായിരുന്നു. ജയില്‍ രജിസ്റ്ററിലും സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും ജയില്‍ വകുപ്പ് അറിയിച്ചു.

Tags:    

Similar News