ചര്‍ച്ച നടത്തിയില്ല എന്നത് വാസ്തവിരുദ്ധം, അസത്യം; ഇത്ര കാലം രണ്ട് പേരല്ലേ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും കെ സുധാകരന്‍

മുന്‍ കാലങ്ങളില്‍ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ ആരോടാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. ഇത്രയും കാലം ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയല്ലേ പതിവെന്നും അദ്ദേഹം പറഞ്ഞു

Update: 2021-08-29 06:15 GMT

ന്യൂഡല്‍ഹി: ഡിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചര്‍ച്ച നടത്തിയില്ല എന്നത് വാസ്തവിരുദ്ധം, അസത്യം, തെറ്റെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച ചെയ്തു. ലിസ്റ്റ് തരാന്‍ പറഞ്ഞു. പക്ഷേ, ചെന്നിത്തല ലിസ്റ്റ് തരാത്തത് കൊണ്ട് ലിസ്റ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുന്‍ കാലങ്ങളില്‍ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ ആരോടാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. നാലു കൊല്ലം താനും കെപിസിസി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഗ്രൂപ്പിന് അതീതമായി, തീരുമാനം മാറുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാകാം. ഗ്രൂപ്പാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍, കാര്യങ്ങള്‍ തീരുമാനിക്കുന്നത് മൂന്നു പേരായി എന്നത് സ്വാഭാവികമാണ്. ഇത്രയും കാലം രണ്ട് പേരെല്ലേ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ച നടത്തിയ ഡയറി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയാണ് കെ സുധാകരന്‍ മറുപടി നല്‍കിയത്.

തിരുവനന്തപുരത്ത് പാലോട് രവിക്കെതിരേ, അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒരു ആക്ഷേപവും തിരഞ്ഞെടുപ്പ് അന്വേഷണ കമ്മിഷന് മുന്‍പിലെത്തിയിട്ടില്ല.

സസ്‌പെന്‍ഷന്‍ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, അച്ചടക്കമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News