'തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന പിണറായി ആണോ ഞാനാണോ ആര്‍എസ്എസ്'-മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ സുധാകരന്‍

Update: 2021-06-16 07:30 GMT

തിരുവനന്തപുരം: 'തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസ്സിനൊപ്പം ചേര്‍ന്ന പിണറായി വിജയനാണോ ഞാനാണോ ആര്‍എസ്എസ്' എന്നു ജനം തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍എസ്എസ് ആക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് തന്നെ ഭയമാണ്. പിണറായി വിജയന്റെയും സിപിഎമ്മന്റെയും അജണ്ടയാണ് തന്നെ വര്‍ഗ്ഗീയ വാദിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

'പിണറായി വിജയന്റെയും സിപിഎമ്മിന്റെയും അജണ്ടയാണ് എന്നെ വര്‍ഗ്ഗീയവാദിയും ആര്‍എസ്എസും ആക്കല്‍. നേരത്തെ പ്രതിപക്ഷ നേതാവിനെയും ആര്‍എസ്എസ് ആക്കാന്‍ ശ്രമിച്ചിരുന്നു. ആരാണ് ആര്‍എസ്എസിന്റെ് വോട്ട് തേടിയത്, യോജിച്ചത്, എംഎല്‍എ ആയത് എന്ന് എല്ലാവര്‍ക്കും അറിയാം. തലശ്ശേരി വര്‍ഗ്ഗീയ കലാപത്തില്‍ ആരാണ് ആര്‍എസ്എസിനൊപ്പം ചേര്‍ന്ന് കലാപം നടത്തിയത്. തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസ്സിനൊപ്പം ചേര്‍ന്ന പിണറായി വിജയനാണോ ഞാനാണോ ആര്‍എസ്എസ്സെന്ന് ജനം തീരുമാനിക്കട്ടെ. ആ ലേബലില്‍ എന്നെ തകര്‍ക്കാനാണ് ശ്രമം. അമ്പലും പള്ളിയും ചര്‍ച്ചും അന്യമായിരുന്നവര്‍ ഇപ്പോള്‍ അവിടങ്ങള്‍ കയറിയിറങ്ങുന്നു. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്നു. മൈനോരിറ്റിയെ ഒപ്പം നിര്‍ത്താന്‍ നോക്കുന്നു'- കെ സുധാകരന്‍ പറഞ്ഞു.