വിരുദ്ധാഭിപ്രായമുള്ള കലാകാരന്മാര്‍ക്കെതിരേ സൈബര്‍ ആക്രമണം; അഭിപ്രായ സ്വാതന്ത്ര്യം സിപിഎം സഹയാത്രികര്‍ക്ക് മാത്രമല്ലെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വര്‍ഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്

Update: 2021-06-27 05:18 GMT

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സിപിഎം സഹയാത്രികര്‍ക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തങ്ങളോടൊപ്പം നില്‍ക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം കാണാതെ പോകരുതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നല്‍കിയ അഭിമുഖം ശ്രദ്ധയില്‍ പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തില്‍ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാന്‍ ധര്‍മജനെ നേരിട്ടു വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

ധര്‍മജന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവര്‍ത്തകര്‍ സൂചിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വര്‍ഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്. നാഷനല്‍ അവാര്‍ഡ് ജേതാവായ സലിം കുമാര്‍ ഐഎഫ്എഫ്‌കെയോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകള്‍ക്ക് മുന്‍പ് നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടതും സിപിഎമ്മില്‍ എത്തി നില്‍ക്കുന്ന സാംസ്‌കാരിക ജീര്‍ണത വിളിച്ചോതുന്ന സംഭവങ്ങളാണ്. രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച സിപിഎം അണികളുടെ വാചകങ്ങള്‍ മലയാളികള്‍ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണില്‍ വിളിച്ചിരുന്നു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികര്‍ക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നില്‍ക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത്.

ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളില്‍ പേറുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ശബ്ദമാകാന്‍ കലാകാരന്‍മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും കടന്നു വരുമ്പോള്‍ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓര്‍മപ്പെടുത്തുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എന്റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു.

Tags:    

Similar News