ആയുര്‍വേദ ചികിത്സയുടെ പെരുമ ലോകമെമ്പാടും എത്തിച്ച ധിഷണാശാലി; കെ സുധാകരന്‍
തിരുവനന്തപുരം: ആയുര്‍വേദ കുലപതിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പികെ വാര്യരുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.
വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കിയ വിശ്വപൗരനാണ് അദ്ദേഹം. സഹാനുഭൂതിയും കരുണയും കൈമുതലാക്കിയ സവിശേഷ വ്യക്തിത്വം. ആയുര്‍വേദ ചികിത്സയുടെ പെരുമ ലോകമെമ്പാടും എത്തിച്ച ധിഷണാശാലി. പ്രവര്‍ത്തന പന്ഥാവില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പ്രകൃതിയുമായി ഇണങ്ങിയ ചികിത്സാ രീതിയാണ് പിന്തുടര്‍ന്നത്.
ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പികെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറുദശാബ്ദക്കാലത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും കണ്ണൂര്‍ ആറളം വനപ്രദേശത്ത് കണ്ടെത്തിയ അപൂര്‍വയിനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്. ലോകം മുഴുവന്‍ അംഗീകരിക്കുന്ന പികെ വാര്യരുടെ വേര്‍പാട് വൈദ്യമേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.