'കഷ്ടപ്പെട്ട് പഠിക്കുന്നവര്‍ ജോലി ചോദിച്ച് അലയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍മേള'; മേയര്‍ക്കെതിരേ വിമര്‍ശനവുമായി കെ എസ് ശബരീനാഥന്‍

Update: 2022-11-05 10:58 GMT

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ച സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ രംഗത്ത്. മേയര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയര്‍, തൊഴില്‍ നല്‍കാമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്. മേയര്‍ സ്ഥാനത്ത് തുടരാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഷ്ടപ്പെട്ട് പഠിക്കുന്നവരും തൊഴിലില്ലാത്തവരുമായ ചെറുപ്പക്കാര്‍ ജോലി എവിടെ എന്ന് ചോദിച്ച് അലയുമ്പോള്‍ ഇവിടെ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍മേളയാണ്. ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐയുടെ തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ മേയര്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. 'Where is my job' എന്ന് പേരുള്ള ഈ സമരം ഡല്‍ഹിയില്‍ നടക്കുന്ന അതേ സമയത്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ ആളുകളെ തിരുകികയറ്റാന്‍ വേണ്ടി മുന്‍ഗണനാ പട്ടിക പാര്‍ട്ടിയോട് മേയര്‍ ആവശ്യപ്പെടുകയാണ്. ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറി 'സഖാവേ' എന്ന് അഭിസംബോധന ചെയ്താണ് മേയര്‍ ചോദിക്കുന്നത്.

Tags: