കെ റെയില്‍; സമരത്തിനിറങ്ങുന്ന ബിജെപിയെ വെട്ടിലാക്കി കേന്ദ്ര ധനമന്ത്രിയുടെ കത്ത്
കോഴിക്കോട്; അനധികൃത സ്ഥലം കയ്യേറ്റത്തിന്റെ പേരില്‍ പോരാട്ടം ശക്തമായ കേരളത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന ബിജെപിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ പുറത്ത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്താണ് വിവിധ അക്കൗണ്ടുകള്‍ വഴി പുറത്തുവന്നിരിക്കുന്നത്. വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ അവ നിറുകയാണ്. 2021 ജനുവരി 5നാണ് കത്ത് എഴുതിയിരിക്കുന്നത്.
ഫണ്ട് തരുന്ന കാര്യത്തില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സിയുമായി സംസ്ഥാന സര്‍ക്കാരിന് സംസാരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതായും അതിനിടയില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വസ്തുത ഇതായിരിക്കെ സില്‍വര്‍ലൈന്‍ സമരത്തില്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി നേതാക്കള്‍. മാത്രമല്ല, സില്‍വര്‍ ലൈന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ചില ആശങ്കകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറയുകയും ചെയ്തു.
ഒരു ഭാഗത്ത് സമരം ചെയ്യുകയും മറുഭാഗത്ത് സില്‍വര്‍ലൈനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് സമരത്തെ ഒറ്റിക്കൊടുക്കാനാണെന്നാണ് ആരോപണം.
''ഈ കത്ത് ഒന്നു വായിക്കൂ. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്. പദ്ധതിക്ക് ഫണ്ടു തരുന്ന കാര്യത്തില്‍ ഖകഇഅ യുമായി നടക്കുന്ന ചര്‍ച്ച മുന്നോട്ടു പോകട്ടെ, അതിനിടയില്‍ ഭൂമിയേറ്റെടുക്കലും മറ്റു ക്ലിയറന്‍സുകളും എത്രയും പെട്ടെന്നാക്കണം എന്നല്ലേ പറഞ്ഞിരിക്കുന്നത്? ''- പരിസ്ഥിതി പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ എം സുചിത്ര എഴുതുന്നു.
''സില്‍വര്‍ലൈനെതിരെ സമരം ചെയ്യുന്ന കേരളത്തിലെ ബിജെപിക്കാര്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിനെക്കുറിച്ച് എന്ത് പറയുന്നു? സമരത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കാനുള്ള നാടകമാണോ ബിജെപിക്കാര്‍ കളിക്കുന്നത്?''- കെ സുനില്‍കുമാര്‍ എഴുതുന്നു.

