കെ റെയില്‍ പദ്ധതി: പരപ്പനങ്ങാടിയില്‍ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍

Update: 2021-08-23 15:15 GMT

പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ വലിയ ആശങ്കയിലായി. തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെ പരപ്പനങ്ങാടി ചെറമംഗലം ഭാഗത്തുള്ളവരാണ് ആശങ്കയില്‍ കഴിയുന്നത്. 

ഇപ്പോള്‍ റയില്‍ കടന്ന് പോകുന്ന സ്ഥലത്ത് നിന്നും 30 മീറ്റര്‍ ആണ് സ്വീകരിക്കുന്നതെങ്കില്‍ ഇവിടത്തെ 174 വീടുകളെയാണ് അത് ബാധിക്കുക. പരപ്പനങ്ങാടി ടൗണിലെ അടക്കം നിരവധി കെട്ടിടങ്ങളെയും ബാധിക്കും. പല ടൗണുകളും ഇല്ലാതാകുകയും ചെയ്യും. കൃത്യമായ നഷ്ടപരിഹാരം നേരത്തെ ലഭിച്ചാല്‍ സ്ഥലവും വീടും വിട്ടു നല്‍കുന്നതിന് ഇവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ കൃത്യമായി അക്കൗണ്ടില്‍ പണമെത്താതെ ഒരു തരി ഭൂമിയും വിട്ടു നല്‍കാന്‍ ഇവര്‍ ഒരുക്കമല്ല. ഇതിനായി സംഘടിക്കാനൊരുങ്ങുകയാണ് പ്രദേശത്തുകാര്‍.

സ്ഥലത്തെ താങ്ങുവില കണക്കാക്കി നാലിരട്ടി നല്‍കുമെന്ന് കെ റെയില്‍ സി.ഇ.ഒ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ യോഗം ചേര്‍ന്നിരുന്നു. എല്ലാവര്‍ക്കും മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും മറ്റും സമതി രൂപീകരിക്കാനും അടുത്ത ദിവസം തന്നെ വിപുലമായ യോഗം ചേരാനും തീരുമാനിച്ചാണ് പിരിഞ്ഞത്. മുതിര്‍ന്നവരും സ്ത്രീകളുമടക്കം നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.

ഷരീഫ് വടക്കയില്‍, യു.എ റസാഖ്, അനീസ് കൂരിയാടന്‍, നവാസ് ചെറമംഗലം, യു.വി സുരേന്ദ്രന്‍, ചങ്ങാടന്‍ ഹംസ, ചെങ്ങാടന്‍ മുഹമ്മദ്, പൂഴിക്കല്‍ അഷ്‌റഫ്, കൗണ്‍സിലര്‍മാരായ ബേബി അച്ചുതല്‍, ജാഫര്‍ നെച്ചിക്കാട്ട്, ചോലയില്‍ ഹംസ, പി.വി സാലിം, കാരാടന്‍ മുഹമ്മദ്, ശിഹാബ് കുഞ്ഞോട്ട്, അരീക്കന്‍ ബഷീര്‍ മറ്റു പ്രമുഖരും പങ്കെടുത്തു.

Tags: