കെ രാഘവന്‍ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്

50,000 രൂപയും ശില്‍പവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

Update: 2020-10-17 11:55 GMT

കോഴിക്കോട്: സംഗീത സംവിധായകന്‍ കെ രാഘവന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് കെപിഎസി രൂപം കൊടുത്ത കെ രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് നല്‍കും. 50,000 രൂപയും ശില്‍പവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. മലയാള ചലച്ചിത്ര സംഗീതത്തില്‍ എഴുതിയത് അത്രയും അര്‍ത്ഥപൂര്‍ണമാക്കി മാറ്റിയ മഹാപ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി.

തലമുറകള്‍ ഏറ്റു പാടിയ കാവ്യ മനോഹരമായ ഭാവഗീതങ്ങളുടെ കവി. പാട്ടുകളില്‍ ഉള്‍ച്ചേര്‍ന്ന മൗലികത കൊണ്ട് അനിര്‍വചനീയമായ അനുഭൂതി പ്രപഞ്ചം സൃഷ്ടിക്കുന്ന ശ്രീകുമാരന്‍ തമി മലയാണ്മയുടെ നിറസമുദ്ധിയെ തോറ്റിയുണര്‍ത്തിയ സൗന്ദര്യോപാസകനാണ്. അറിയാതെ മൂളി പോകുന്ന എത്രയോ ഈരടികളിലൂടെ നമ്മടെയെല്ലാം ജീവിതത്തില്‍ നിത്യസാന്നിധ്യമായ ശ്രീകുമാരന്‍ തമ്പിക്ക്, നാട്ടു സംസ്‌കൃതിയുടെ ഈണവും താളവും കൊണ്ട് എന്നും ജനമനസില്‍ ജീവിക്കുന്ന കെ രാഘവന്‍ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം നല്‍കുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ എം ജയചന്ദ്രന്‍, ഡോ. കെ ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവര്‍ വിലയിരുത്തി.

കെ രാഘവന്‍ മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി ടി മുരളിയും സെക്രട്ടറി ടി വി ബാലനും അറിയിച്ചു.

Tags:    

Similar News