ശാസ്ത്ര സാങ്കേതിക രംഗത്ത് വിദ്യാര്‍ത്ഥികള്‍ മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2022-10-20 16:45 GMT

തൃശൂര്‍: വിദ്യാഭ്യാസത്തിനൊപ്പം തന്നെ ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നേറ്റമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ദേശമംഗലം ജിവിഎച്ച്എസ്എസില്‍ നടന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐടി മേള 'ശാസ്‌ത്രോത്സവം 2022 ' ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നോളജ് ബേസ്ഡ് ഇക്കോണമി എന്നിവയുടെയെല്ലാം കാലത്ത് കുട്ടികളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുക പ്രധാനമാണെന്നും ഈ അവബോധം ഉണ്ടാക്കിയെടുക്കലാണ് ഇത്തരം മേളകളുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകളുമായി മുന്നേറുമ്പോഴും മനുഷ്യത്വം മറക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണമെന്നും കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ശാസ്ത്രം സാമൂഹ്യ മാറ്റത്തിന് വേണ്ടിയും സമൂഹ നന്മയ്ക്ക് വേണ്ടിയും പ്രയോഗിക്കാനുള്ളതാണെന്ന് കൂടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും മന്ത്രി വിതരണം ചെയ്തു.

ദേശമംഗലം ജിവിഎച്ച്എസ്എസില്‍ വച്ച് 18, 19 തിയതികളിലായി നടന്ന 'ശാസ്‌ത്രോത്സവം 2022' ല്‍ 104 വിദ്യാലയങ്ങളില്‍ നിന്നായി 2500 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ശാസ്ത്രമേള എല്‍പി വിഭാഗത്തില്‍ എല്‍എഫ്എല്‍പി സ്‌കൂള്‍ ചേലക്കരയും യുപി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ക്ലേലിയ വടക്കാഞ്ചേരിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പഴയന്നൂരും ജേതാക്കളായി. ഗണിതമേളയില്‍ എല്‍പി വിഭാഗത്തില്‍ സികെസിഎല്‍പിഎസ് രാജഗിരിയും, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ക്ലേലിയ വടക്കാഞ്ചേരിയും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗവ. ബോയ്‌സ് എച്ച്എസ്എസ് വടക്കാഞ്ചേരിയും ഒന്നാമതെത്തി. സാമൂഹ്യ ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ എച്ച്എല്‍പിഎസ് മലേശമംഗലം, യുപി വിഭാഗത്തില്‍ സെന്റ് പയസ് യുപിഎസ് വടക്കാഞ്ചേരി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്എസ്എസ് മായന്നൂര്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എല്‍എഫ്ജിഎച്ച്എസ് ചേലക്കരയും പ്രഥമ സ്ഥാനം നേടി. പ്രവര്‍ത്തിപരിചയ മേളയില്‍ എല്‍പി വിഭാഗത്തില്‍ സികെസിഎല്‍പിഎസ് രാജഗിരി, യുപി വിഭാഗത്തില്‍ എഎസ്എംഎന്‍എസ്എസ് യുപി സ്‌കൂള്‍ മുള്ളൂര്‍ക്കര, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എല്‍എഫ്ജിഎച്ച്എസ് ചേലക്കര, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എല്‍എഫ്ജിഎച്ച്എസ് ചേലക്കര എന്നിവര്‍ ഒന്നാമതെത്തി. ഐടി മേളയില്‍ യുപി വിഭാഗത്തില്‍ ഗവ.വിഎച്ച്എസ്എസ് ദേശമംഗലം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ക്ലേലിയ വടക്കാഞ്ചേരി, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എല്‍എഫ് ഗേള്‍സ് എച്ച്എസ് ചേലക്കര എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ചടങ്ങില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ അധ്യക്ഷത വഹിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ്, മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, വടക്കാഞ്ചേരി എ ഇ ഒ എ മൊയ്തീന്‍, മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ കെ എസ് ഹംസ, ഉപജില്ല അക്കാദമിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രമോദ് കെ എന്നിവര്‍ പങ്കെടുത്തു.