കെ എം ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍; മുസ്‌ലിം ലീഗില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

Update: 2022-09-19 08:57 GMT

മലപ്പുറം: കെ എം ഷാജിയുടെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ മുസ്‌ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍. വിഷയത്തില്‍ ഷാജി വിശദീകരണം നല്‍കിയെന്നും അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമാണെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ എം ഷാജി അച്ചടക്കമുള്ളയാളാണ്. ഷാജിയുടെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കി. അതിനാലാണ് വരാന്‍ പറഞ്ഞത്. ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു. പാര്‍ട്ടി വേദികളില്‍ പറയേണ്ടത് പാര്‍ട്ടി വേദികളില്‍ പറയണം. പുറത്തുപറയുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് ഷാജിയെ അറിയിച്ചുവെന്ന് തങ്ങള്‍ വ്യക്തമാക്കി.

സാദിഖലി തങ്ങള്‍ക്ക് വിശദീകരണം നല്‍കിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് കെ എം ഷാജി പാണക്കാടുനിന്നും മടങ്ങിയത്. നേരത്തെ വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ എം ഷാജിയോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പാണക്കാട്ടെ വസതിയിലെത്തി ഷാജി വിശദീകരണം നല്‍കുകയായിരുന്നു. ഷാജിക്ക് പുറമെ പി എം എ സലാമും ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയും പാണക്കാടെത്തിയിരുന്നു. മലപ്പുറത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ നേരത്തെ കെ എം ഷാജിക്കെതിരേ വിമര്‍ശനമുണ്ടായിരുന്നു. മസ്‌കത്തിലെ കെഎംസിസി പരിപാടിയില്‍ സമാനപരാമര്‍ശം ഷാജി ആവര്‍ത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചത്.

Tags:    

Similar News