കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി

Update: 2022-08-09 05:10 GMT

തൃശൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് ഒരുവര്‍ഷത്തേയ്ക്ക് നീട്ടിയത്. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയയെ തിരഞ്ഞെടുത്തത് നേരത്തെ വിവാദമായിരുന്നു. മലയാളം അസോസിയേറ്റ് പ്രഫസറായുള്ള നിയമന പട്ടികയില്‍ ഒന്നാം റാങ്കാണ് പ്രിയാ വര്‍ഗീസിന് ലഭിച്ചത്. യുജിസി ചട്ടപ്രകാരമുള്ള എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് അസോസിയേറ്റ് പ്രഫസര്‍ ഒഴിവില്‍ പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്.

നിയമനം വിവാദമായതോടെ പ്രിയയെ അസോസിയേറ്റ് പ്രഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയിരുന്നു. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസറായി നല്‍കിയ നിയമനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയിലാണ് വിസിയോട് വിശദീകരണം തേടിയത്. നിലവില്‍ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് പ്രിയ. അസോസിയേറ്റ് പ്രഫസര്‍ നിയമനം ലഭിച്ചാല്‍ പ്രിയക്ക് ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയറക്ടര്‍ നിയമനം കിട്ടും.

Tags:    

Similar News