കെ-സിസ്: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കാന്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനമൊരുങ്ങുന്നു

Update: 2021-07-31 09:42 GMT

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കാന്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ സിസ് (Kerala - CetnraI Inspection System) ഒരുങ്ങി. അതിന്റെ നടത്തിപ്പിനായി തയ്യാറാക്കിയ വെബ്‌പോര്‍ട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ കെ-സിസ് പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്.

മൂന്നുതരത്തിലുള്ള പരിശോധനകളാണ് കെസിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയാണവ. പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും നടക്കുക.

പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്‌പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ- സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. പോര്‍ട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ലോഗിന്‍ ചെയാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശോധനക്കായി സംരഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോര്‍ട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഒരു സ്ഥാപനത്തില്‍ നടത്തിയ പരിശോധനകളുടെ ചരിത്രവും പോര്‍ട്ടലിലൂടെ അറിയാം. പരിശോധന റിപോര്‍ട്ട് സംരംഭകന് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. അഗ്‌നി രക്ഷാ സേനാ, ഭൂഗര്‍ഭ ജല അതോറിറ്റി തുടങ്ങി കൂടുതല്‍ വകുപ്പുകള്‍ ഭാവിയില്‍ പോര്‍ട്ടലിന്റെ ഭാഗമായി മാറും. സംരഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും കെസിസ് സഹയാകമാകും.

Tags: